പൊതുമാപ്പില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം

 

റിയാദ്: സൗദി അറേബ്യയില്‍ ഈയിടെ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി ഒരു മാസം മാത്രം ബാക്കിയിരിക്കെ ഏതെങ്കിലും കാരണവശാല്‍ നാട്ടിലേക്ക് എക്‌സിറ്റ് വിസ ലഭിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ പരാതികള്‍ ഇന്ത്യന്‍ എംബസിയുടെ വെല്‍ഫെയര്‍ വിഭാഗത്തെ അറിയിക്കാവുന്നതാണെന്ന് ഇന്ത്യന്‍ അംബസാഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.
തന്റേതല്ലാത്ത കാരണത്താല്‍ കംപ്യൂട്ടര്‍ ബ്ലോക്കാവുകയും എക്‌സിറ്റ് ലഭിക്കാന്‍ കാലതാമസം നേരിടുകയും ചെയ്യുന്നവരുടെ കേസ് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അവരെ സഹായിക്കാന്‍ എംബസി തയ്യാറാണ്. എംബസി വളണ്ടിയര്‍മാരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സഹായത്താലോ സ്വമേധയോ എംബസിയെ സമീപിക്കുന്നവരുടെ കേസുകള്‍ സൗദി പാസ്‌പോര്‍ട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണെന്ന് എംബസി ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അംബാസഡര്‍ അറിയിച്ചു.
ഇതുവരെയായി 26,442 ഇസി അപേക്ഷകളാണ് എംബസിയിലും കോണ്‍സുലേറ്റിലുമായി ലഭിച്ചിട്ടുള്ളത്. ഇതില്‍ 25,541 പേര്‍ക്ക് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കി. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ ഈ വ്യാഴാഴ്ചക്കകം തീരുമാനമാകും. പൊതുമാപ്പിെന്റ അവസനാ ദിവസം വരെ കാത്തിരിക്കാതെ മുഴുവന്‍ നിയമലംഘകരായ ഇന്ത്യക്കാരും ഉടനെ എംബസിയെ സമീപിക്കേണ്ടതാണ്. റമദാന്‍ സമയത്ത് ജോലി സമയം കുറവായതിനാല്‍ എക്‌സിറ്റ് അടിച്ചു ലഭിക്കുന്നതിനെല്ലാം കാലതാമസം നേരിടും. ഇതെല്ലാം മുന്‍കൂട്ടി കണ്ട് നാട്ടിലേക്ക് പോകാനുദ്ദേശിക്കുന്നവര്‍ തയ്യാറെടുപ്പ് നടത്തണം. എയര്‍ ഇന്ത്യ സൗദി അറേബ്യയില്‍ നിന്നും പൊതുമാപ്പില്‍ പോകുന്നവര്‍ക്കായി പ്രത്യേക നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസി അപേക്ഷകരില്‍ 11390 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. രണ്ടാം സ്ഥാനത്തുള്ള തെലുങ്കാനയില്‍ നിന്നും വെറും 2733 പേര്‍ മാത്രമാണ് ഇ.സിക്ക് അപേക്ഷ നല്‍കിയത്. 1736 പേര്‍ മാത്രം അപേക്ഷ നല്‍കിയ കേരളീയര്‍ അഞ്ചാം സ്ഥാനത്താണ്. സ്വന്തം പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇ.സി ഇല്ലാതെ തന്നെ അതില്‍ എക്‌സിറ്റ് അടിച്ച് നാട്ടിലേക്ക് പോകാവുന്നതാണ്. ഇതുവരെ എത്ര ഇന്ത്യക്കാര്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയെന്നതിെന്റ ശരിയായ കണക്കുകള്‍ ഇതുവരെ അധികൃതരില്‍ നിന്നും ലഭ്യമായിട്ടില്ലെന്നും അംബാസഡര്‍ അറിയിച്ചു.
എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തുക്കുന്ന വളണ്ടിയര്‍മാരുടേയും സാമൂഹ്യപ്രവര്‍കരുടേയും സേവനത്തെ പുകഴ്ത്തിയ അംബാസഡര്‍ ഇത്തവണ ഇടനിലക്കാരായി പണം തട്ടുന്നവരുടെ ഉപദ്രവം ഏറെ കുറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ നന്പര്‍ ഒന്നില്‍ നിന്നും മൂന്നായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇതുവഴി സേവനം ലഭ്യമാകും. റമദാനില്‍ സാധാരണ സമയക്രമം തന്നെയാണ് ഇന്ത്യന്‍ എംബസിയില്‍ എന്നറിയിച്ച അംബാസഡര്‍ അടിയന്തര സാഹചര്യത്തില്‍ സേവനത്തിനായി ഇന്ത്യന്‍ എംബസി 24 മണിക്കൂറും സജ്ജമാണെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കോട്ടേല്‍വാര്‍ വെല്‍ഫെയര്‍ വിഭാഗം തലവന്‍ അനില്‍ നോട്ടിയാല്‍ എന്നിവരും പങ്കെടുത്തു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!